Kerala
ഇരിങ്ങാലക്കുട: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിൽ 1.73 കോടി രൂപ നഷ്ടപ്പെട്ട കേസില്‍ കമ്മീഷൻ കൈപ്പറ്റിയ പ്രതിയെ അറസ്റ്റ് ചെയ്തു. ഇടുക്കി നെടുങ്കണ്ടം കല്‍കൂന്തല്‍ സ്വദേശി പങ്കജം കോട്ടേജിൽ ദിപിന് സാമ്രാജിനെ (25) യാണ് അറസ്റ്റ് ചെയ്തത്.
അന്തിക്കാട് വെളുത്തൂര്‍ പറക്കാട് സ്വദേശിയില്‍നിന്നാണ് പണം തട്ടിയെടുത്തത്. പരാതിക്കാരനെ ഫോണില്‍ വിളിച്ച് സിബിഐ ഉദ്യോഗസ്ഥരാണെന്നു തെറ്റിദ്ധരിപ്പിച്ച് ഡിജിറ്റല്‍ അറസ്റ്റിലാണെന്നു ഭീഷണിപ്പെടുത്തിയാണ് പ്രതികളുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയച്ചുവാങ്ങിയത്.
പ്രധാന പ്രതികള്‍ക്കു തന്റെ അക്കൗണ്ടിലൂടെ തുക വാങ്ങി കൈമാറി കമ്മീഷന് കൈപ്പറ്റി തട്ടിപ്പുസംഘത്തില്‍ ഉള്‍പ്പെട്ടതിനാണ് ദിപിന് സാമ്രാജിനെ അറസ്റ്റ് ചെയ്തത്.
തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന് എസ്എച്ച്ഒ പി.എസ്. സുജിത്, ജിഎസ്ഐമാരായ പി.എസ്. സുജിത് കുമാര്‍, കെ.വി. ജസ്റ്റിന്, സിപിഒമാരായ സച്ചിന്, അനന്തുമോന് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
National
ബംഗളൂരു: ആറുമാസക്കാലമായി ഡിജിറ്റൽ അറസ്റ്റ് ഭീഷണിയിൽ കഴിഞ്ഞ അന്‍പത്തിയേഴുകാരിയായ സോഫ്റ്റ്വേർ എൻജിനിയർക്ക് 32 കോടി രൂപ നഷ്ടമായി. കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ അറസ്റ്റ് കേസാണിത്. സിബിഐ ഓഫീസർ എന്ന വ്യാജേനയാണ് ഉമാറാണി എന്ന സ്ത്രീയെ ഇവർ കബളിപ്പിച്ചുകൊണ്ടിരുന്നത്.
സ്കൈപ്പിലൂടെയായായിരുന്നു ഹാക്കർമാരുടെ ഇടപാടുകൾ. ക്ലിയറൻസ് ലെറ്റർ കിട്ടുന്നതുവരെ ഇവർ പണം നൽകിക്കൊണ്ടിരുന്നു. 187 തവണ നടത്തിയ ഇടപാടുകളിലൂടെയാണു ഹാക്കർമാർ ഇത്രയും തുക കൈക്കലാക്കിയത്.
2024 സെപ്റ്റംബർ 15ന് മുംബൈ ഡിഎച്ച്എൽ അന്ധേരിയിലെ സിബിഐ ഓഫീസിൽനിന്നു വിളിക്കുകയാണെന്നും നിങ്ങൾ ബുക്ക് ചെയ്ത പാഴ്സലിൽ ക്രെഡിറ്റ് കാർഡും പാസ്പോർട്ടും എംഡിഎംഎയും പിടികൂടിയെന്നുമായിരുന്നു ആദ്യ സന്ദേശം. തെളിവുകൾ നിങ്ങൾക്ക് എതിരാണെന്നും കേസ് സെറ്റിൽ ചെയ്യാമെന്നും വാഗ്ദാനം ചെയ്തു.
പോലീസിൽ അറിയിച്ചാൽ ജയിലിൽ കിടക്കേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തി. മകന്റെ വിവാഹം മുടങ്ങുമെന്ന ഭീതിയിലാണ് വിവരങ്ങൾ ഇവർ മറ്റുള്ളവരിൽനിന്നു മറച്ചുവച്ചത്.
ആർബിഐയിലെ ഇന്റലിജൻസ് വിഭാഗമാണെന്നു വിശ്വസിപ്പിച്ചാണ് ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ ഇവർ ചോർത്തിയത്. ഇതിനിടെ, മാനസികസമ്മർദത്തെത്തുടർന്ന് ഇവർ ഒരുമാസം ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
Kerala
തൃശൂർ: ഇരിങ്ങാലക്കുടയിൽ ഡിജിറ്റൽ അറസ്റ്റിലൂടെ വയോധികന്റെ പണം തട്ടിയെടുക്കാൻ ശ്രമം. മുത്രത്തിക്കര സ്വദേശിയായ 85കാരനിൽ നിന്നും പണം തട്ടിയെടുക്കാനുള്ള ശ്രമം ബാങ്ക് മാനേജരുടെ ഇടപെടലിൽ പരാജയപ്പെടുകയായിരുന്നു.
മണി ലോണ്ടറിംഗ് കേസിൽ നിന്ന് രക്ഷപ്പെടുന്നതിനായി 11 ലക്ഷം രൂപ മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഉടൻ അയക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് വയാധികൻ പറപ്പൂക്കര സിഎസ്ബി ബാങ്കിലെത്തിയത്.
പരാതിക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ മാനേജർ ആൻ മരിയാ ജോസ് കൂടുതൽ വിവരം തിരക്കിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. ഇയാൾക്ക് രണ്ട് ഫോൺ നമ്പറുകളിൽ നിന്ന് മാറിമാറി വീഡിയോ കോളുകൾ വന്നിരുന്നു.
അറസ്റ്റിൽ നിന്ന് രക്ഷപ്പെടാനായി ബാങ്ക് അക്കൗണ്ടിലെ പണം വെരിഫൈ ചെയ്യാൻ അയച്ചു നൽകണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെടുകയായിരുന്നു. ഇതേതുടർന്നാണ് വയോധികൻ ബാങ്കിലെത്തിയത്.
സംഭവം തൃശൂർ റൂറൽ സൈബർ പോലീസിൽ അറിയിച്ചിട്ടുണ്ട്. നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്ത ശേഷമാണ് വയോധികനെ തിരിച്ചയച്ചത്.
Kerala
പത്തനംതിട്ട: വയോധികനെ വെർച്വർ അറസ്റ്റിലാക്കി 45 ലക്ഷം രൂപ തട്ടാനുള്ള ശ്രമം പൊളിച്ച് ഫെഡറൽ ബാങ്ക്. പത്തനംതിട്ട കിടങ്ങന്നൂർ ഫെഡറൽ ബാങ്ക് അധികൃതരാണ് തട്ടിപ്പ് പൊളിച്ചത്.
മകനെ കേസിൽ കുടുക്കാതിരിക്കാൻ പണം നൽകണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ ആവശ്യം. ഇതോടെ ബാങ്കില്‍ എത്തിയ വയോധികൻ മുഴുവന്‍ സ്ഥിര നിക്ഷേപവും പിന്‍വലിച്ച് മറ്റൊരു അക്കൗണ്ടിലേക്ക് ഇടാൻ ശ്രമിച്ചു.
പണം ഇടാൻ വയോധികൻ നല്കിയ അക്കൗണ്ട് വിവരങ്ങളില്‍ ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതിനാലാണ് സംഘത്തിന്റെ വന്‍ തട്ടിപ്പ് പൊളിഞ്ഞത്. പിന്നാലെ ബാങ്ക് ഇടപെട്ട് തട്ടിപ്പ് സംഘത്തിന്റെ വിവരങ്ങൾ സൈബർ സെല്ലിന് കൈമാറുകയായിരുന്നു.
Kerala
കൊച്ചി: സിബിഐ ഉദ്യോഗസ്ഥന് ചമഞ്ഞ് കൊച്ചിയില്‍ 81കാരനായ ഡോക്ടറില്‍നിന്നു വ്യാജ വെര്‍ച്വല്‍ അറസ്റ്റിലൂടെ 1.30 കോടി രൂപ തട്ടിയെടുത്തു. പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകം 1.06 കോടി രൂപയുടെ തുടര്‍കൈമാറ്റം സൈബര്‍ പോലീസ് മരവിപ്പിച്ചു.
എറണാകുളം ചാത്ത്യാത്ത് റോഡിലെ ഫ്ലാറ്റില്‍ താമസിക്കുന്ന വി.ജെ. സെബാസ്റ്റ്യനാണു തട്ടിപ്പിനിരയായത്. ഈ മാസം ഒന്നുമുതല്‍ ഇന്നലെ വരെയുള്ള ദിവസങ്ങളിലായിരുന്നു തട്ടിപ്പ്. സംഭവത്തില്‍ ദിവാലി സിംഗ്, പ്രണവ് ദയാല്‍, മറ്റൊരു ഉത്തരേന്ത്യക്കാരന് എന്നിവരെ പ്രതിചേര്‍ത്താണു സൈബര്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
ടെലികോമില്നിന്നാണെന്നു പറഞ്ഞാണ് ഡോക്ടറെ തട്ടിപ്പുകാര്‍ ആദ്യം ഫോണില്‍ ബന്ധപ്പെട്ടത്. മൊബൈല്‍ നമ്പര്‍ കുറ്റകൃത്യത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്നും സിബിഐ കേസെടുത്തിട്ടുണ്ടെന്നും തട്ടിപ്പുസംഘം ഡോക്ടറെ വിശ്വസിപ്പിച്ചു. പിന്നീട് സിബിഐ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വാട്സാപ്പില്‍ വീഡിയോ കോളിലൂടെ പ്രത്യക്ഷപ്പെട്ട് 48 മണിക്കൂറോളം വെര്‍ച്വല്‍ അറസ്റ്റിലാക്കി.
പണത്തിന്റെ ഉറവിടം വ്യക്തമാക്കുന്നതിന്റെ ഭാഗമായി തട്ടിപ്പുസംഘം കൈമാറിയ അക്കൗണ്ടിലേക്ക് പണം അയയ്ക്കാനും പരിശോധനയ്ക്കുശേഷം ഇതു തിരികെ നല്‍കുമെന്നും തട്ടിപ്പുസംഘം ഡോക്ടറെ അറിയിച്ചു. ഇതുപ്രകാരം പണം കൈമാറിയെങ്കിലും തിരികെ ലഭിക്കാതെ വന്നതോടെയാണു ഡോക്ടർ ഹെൽപ്പ് ലൈന്‍ നമ്പറായ 1930ല്‍ പരാതിപ്പെട്ടത്.
വിവരം പുറത്തുപറഞ്ഞാല്‍ ഫോട്ടോയും വിവരങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും തട്ടിപ്പുസംഘം ഭീഷണിപ്പെടുത്തിയിരുന്നു. പരാതിക്കുപിന്നാലെ പോലീസ് നടത്തിയ തുടര്‍നടപടികളിലാണ് 1.06 കോടി മരവിപ്പിക്കാനായത്. പണം വൈകാതെ ഡോക്ടര്‍ക്കു തിരികെ ലഭിക്കുമെന്ന് പോലീസ് പറഞ്ഞു.
Kerala
തിരുവല്ല : വയോധികയെ ഡിജിറ്റല്‍ അറസ്റ്റില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള ശ്രമം പൊളിഞ്ഞു. സംഭവത്തില്‍ ഇരയായ സ്ത്രീയുടെ മൊഴിയെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
ബാങ്ക് അധികൃതര്‍ ഇടപെട്ടതോടെയാണ് വന്‍ സൈബര്‍ തട്ടിപ്പ് പൊളിഞ്ഞത്. മഞ്ഞാടി സ്വദേശിയായ എഴുപതുകാരിയുടെ 20 ലക്ഷം രൂപ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടന്നത്. ബാങ്ക് ഓഫ് ബറോഡയുടെ തിരുവല്ല ശാഖയിലെ ജീവനക്കാരുടെ ഇടപെടലാണ് തട്ടിപ്പിന് പൂട്ടിട്ടത്.
സ്ത്രീയുടെ മൂന്ന് സ്ഥിരനിക്ഷേപങ്ങള്‍ ഒറ്റയടിക്ക് പിന്വലിക്കാനെത്തിയതിലാണ് ബാങ്ക് അധികൃതര്‍ക്ക് സംശയം തോന്നിയത്. കാലാവധി തീരുംമുമ്പ് പിന്‍വലിച്ചാല്‍ പലിശയടക്കമുളള ആനുകൂല്യം മുന്‍കൂര്‍ നഷ്ടമാകുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥന് വിനോദ് ചന്ദ്രന് വിശദീകരിച്ചിട്ടും സ്ത്രീ ഉറച്ചുനിന്നു. മക്കള്‍ നിര്‍ദേശിച്ചതാണെന്ന് പറയുകയും ചെയ്തു.
മക്കളുടെ അക്കൗണ്ടിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. നിക്ഷേപം പിന്‍വലിക്കല്‍ പൂര്‍ത്തീകരിച്ച് 21.5 ലക്ഷം രൂപ സ്ത്രീയുടെ എസ്ബി അക്കൗണ്ടിലേക്ക് മാറ്റി. തുടര്‍ന്ന് പണം അയച്ചുനല്‍കാന്‍ ആര്‍ടിജിഎസ് നടപടികള്‍ക്കായി നല്കിയ അക്കൗണ്ട് വിവരം കണ്ടപ്പോഴാണ് തട്ടിപ്പാണെന്ന് അധികൃതര്‍ക്ക് മനസിലായത്. അമിറ്റിയൂസ് കമോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന വിലാസമാണ് ഇതിലുണ്ടായിരുന്നത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ വിശദമായി ആരാഞ്ഞു. തട്ടിപ്പുകളെക്കുറിച്ച് ബോധ്യപ്പെടുത്തി. ഒടുവില്‍ കാര്യങ്ങള്‍ സ്ത്രീ തുറന്നുപറഞ്ഞു.
മുംബൈ ക്രൈം ഡിപ്പാര്‍ട്ട്മെന്റില്‍നിന്ന് വാട്സാപ്പില്‍ വിളിച്ചെന്നും ഡിജിറ്റൽ അറസ്റ്റെന്ന പേരിൽ ആധാര്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കൈമാറിയിട്ടുണ്ടെന്നും വെളിപ്പെടുത്തി. സ്വന്തം അക്കൗണ്ടിലെ 20 ലക്ഷം രൂപ ഉടന്‍ കൈമാറാന്‍ നിര്‍ദേശിച്ചു. ഭയന്ന് മക്കളോടുപോലും പറഞ്ഞിരുന്നില്ലെന്ന് വയോധിക പോലീസിനോടു പറഞ്ഞു.
തട്ടിപ്പിനെതിരേ ജാഗ്രതൈ
മുതിര്‍ന്ന പൗരന്മാരെ കേന്ദ്രീകരിച്ചാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെര്‍ച്വല്‍ അറസ്റ്റ് എന്നതു നിയമപരമല്ല .ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാൽ ഉടന്‍തന്നെ വിവരം 1930 എന്ന ഹെൽപ്പ് ലൈൻ നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റിലോ പരാതിപ്പെടണം. ഗോള്‍ഡണ്‍ അവറില്‍ത്തന്നെ പരാതിപ്പെട്ടാല്‍ മുഴുവന്‍ തുകയും തിരികെ ലഭിക്കാൻ സാധ്യത വളരെ കൂടുതലാണെന്ന് പോലീസ് വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: ഡിജിറ്റൽ തട്ടിപ്പുകൾക്കതിരേ ഉപഭോക്താക്കളിൽ അവബോധം വളർത്താൻ ലക്ഷ്യമിട്ട് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) രംഗത്ത്.
നിയമപാലകരായി ചമഞ്ഞ് പണം തട്ടിയെടുക്കുന്ന ‘ഡിജിറ്റൽ അറസ്റ്റ്’ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് പുതിയ മാർഗനിർദേശങ്ങളുമായി എൻപിസിഐ രംഗത്തുവന്നിരിക്കുന്നത്.
പോലീസ്, സിബിഐ, ആദായനികുതി ഉദ്യോഗസ്ഥർ, കസ്റ്റംസ് ഏജന്റുമാർ തുടങ്ങിയ സർക്കാർ ഏജൻസികളെ പ്രതിനിധീകരിക്കുന്നതായി അവകാശപ്പെട്ട് ആരെങ്കിലും ബന്ധപ്പെട്ടാൽ ജാഗ്രത പാലിക്കാൻ എൻപിസിഐ നിർദേശിക്കുന്നു.
അടിയന്തര നിയമനടപടി ആരംഭിക്കുമെന്നോ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നോ പറയുന്നത് പതിവുരീതിയായതിനാൽ ജാഗ്രതയോടെ പ്രതികരിക്കണമെന്നും എൻപിസിഐ മാർഗനിർദേശങ്ങളിൽ പറയുന്നു.
നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് അപ്രതീക്ഷിത കോളുകളോ സന്ദേശങ്ങളോ ലഭിക്കുകയാണെങ്കിൽ, സ്ഥിരീകരിച്ച ശേഷം ചിന്തിച്ചുമാത്രം പ്രവർത്തിക്കുക.
ഇത്തരം സാഹചര്യങ്ങളിൽ 1930 അല്ലെങ്കിൽ ടെലികമ്യൂണിക്കേഷൻ വകുപ്പ് (https://sancharsaathi.gov.in/sfc/) ഡയൽ ചെയ്ത് സംശയാസ്പദമായ നമ്പറുകൾ ദേശീയ സൈബർ ക്രൈം ഹെല്പ് ലൈനില്‍ റിപ്പോർട്ട് ചെയ്യുക.
National
ന്യൂഡൽഹി: രാജ്യത്ത് നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടിയോടെ നേരിടുമെന്ന് സുപ്രീംകോടതി. രാജ്യത്തുടനീളം വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരേ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ വാദം കേൾക്കുന്നതിനിടയിലാണ് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരടങ്ങിയ ബെഞ്ചിന്റെ അഭിപ്രായപ്രകടനം.
ഇത്തരം തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാൻ കഴിഞ്ഞ തവണ വാദം കേൾക്കലിനിടയിൽ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതോടൊപ്പം ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകൾ സിബിഐയ്ക്ക് കൈമാറുന്നതിനെപ്പറ്റി ആലോചിക്കുമെന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് മുദ്ര വച്ച കവറിൽ സിബിഐ കൈമാറി.
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ അന്വേഷിക്കുന്നതിന് ആവശ്യമായ വിഭവങ്ങൾ സിബിഐയുടെ പക്കലുണ്ടോ എന്നതിനടക്കമുള്ള മറുപടിയാണ് സിബിഐ കോടതിക്ക് കൈമാറിയത്. കേസിൽ നവംബർ 10ന് വീണ്ടും വാദം കേൾക്കും.
കഴിഞ്ഞ മാസം കേന്ദ്ര ഏജൻസികളുടെ പേരിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒന്നരക്കോടി രൂപ തങ്ങളിൽ നിന്നും കവർന്നു എന്ന് ചൂണ്ടിക്കാട്ടി വൃദ്ധ ദന്പതിമാർ ചീഫ് ജസ്റ്റീസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീംകോടതി ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് സ്വമേധയാ കേസെടുത്തത്.
National
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഭീഷണികളിലൊന്നായി ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് മാറിയതായി രാഷ്ട്രപതി ദ്രൗപദി മുർമു. ഐപിഎസ് പ്രൊബേഷൻ ഉദ്യോഗസ്ഥരുമായി രാഷ്ട്രപതി ഭവനിൽ നടന്ന കൂടിക്കാഴ്ചയിലാണ് രാഷ്ട്രപതി ആശങ്ക അറിയിച്ചത്.
ഇത്തരം തട്ടിപ്പ് വലിയ ഭീഷണിയായി തുടരുന്നതിൽ ആശങ്കയുണ്ട്. ഏകദേശം പത്തു വർഷം മുന്‍പ് ഡിജിറ്റൽ അറസ്റ്റ് എന്ന പദപ്രയോഗം മനസിലാക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇക്കാലത്ത് സാധാരണക്കാർക്ക് ഏറെ ഭീഷണി നൽകുന്ന ഒരു പദമായി അതു മാറിയെന്നും രാഷ്ട്രപതി പറഞ്ഞു.
കേന്ദ്ര ഏജൻസികളുടെയും കോടതിയുടെയും പേരിൽ ഡിജിറ്റൽ അറസ്റ്റ് എന്ന വ്യാജേന സാധാരണക്കാരിൽനിന്നു പണം കവരുന്ന സമീപകാല സംഭവങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു രാഷ്ട്രപതിയുടെ പരാമർശം.
ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും നിർമിതബുദ്ധിയുടെയും കാര്യത്തിൽ ഏറെ മുന്നിലുള്ള രാജ്യമാണ് ഇന്ത്യ. എന്നാൽ പലരുമിത് തെറ്റായി ഉപയോഗിക്കുന്നതിനാൽ നിയമപാലകർക്ക് വലിയ വെല്ലുവിളി സൃഷ്ടിക്കുന്നു.
സാങ്കേതികവിദ്യകളെ ദുരുപയോഗം ചെയ്യുന്നവർക്കെതിരേ നിയമപാലകർ ഒരുപടി മുന്നിലായിരിക്കണമെന്ന മുന്നറിയിപ്പും രാഷ്ട്രപതി നൽകി. പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ ലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിനെതിരേ മുന്നറിയിപ്പ് നൽകിയിരുന്നു.
രാജ്യത്തെ ഒരു സ്ഥാപനവും ഡിജിറ്റൽ അറസ്റ്റ് എന്ന നടപടി സ്വീകരിക്കില്ല എന്നായിരുന്നു പ്രധാനമന്ത്രിയുടെ വിശദീകരണം. ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതു സംബന്ധിച്ച അന്വേഷണങ്ങളെല്ലാം സിബിഐയെ ഏൽപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്.
National
ന്യൂഡൽഹി: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളിലും രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്ഐആറുകളുടെ വിശദാംശങ്ങൾ കൈമാറാൻ സുപ്രീംകോടതി നിർദേശം നൽകി.
ഇത്തരം കേസുകളുടെ അന്വേഷണച്ചുമതല സിബിഐക്കു കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ജി എന്നിവരുടെ ബെഞ്ച് ഇന്നലെ വ്യക്തമാക്കി.
തട്ടിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളമുള്ള എല്ലാ കേസുകളും കൈകാര്യം ചെയ്യാനുള്ള വിഭവങ്ങൾ സിബിഐക്ക് ഉണ്ടോയെന്നു വ്യക്തമാക്കാനും ബെഞ്ച് ആവശ്യപ്പെട്ടു. നിലവിൽ ഇത്തരം കേസുകൾ സിബിഐ അന്വേഷിക്കുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ ബെഞ്ചിനെ അറിയിച്ചതിനെത്തുടർന്നാണു നടപടി.
കേസിൽ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കോടതി നോട്ടീസ് അയച്ചു. വിഷയത്തിൽ ഏകീകൃത അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. എന്നാൽ, ഇത്തരം കേസുകളിൽ സംസ്ഥാനങ്ങളുടെ നിലപാട് കേൾക്കണമെന്നും അതിനാൽ ഇപ്പോൾ നിർദേശങ്ങളൊന്നും പുറപ്പെടുവിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
രാജ്യത്തുടനീളം വർധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾക്കെതിരേ സുപ്രീംകോടതി സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. കഴിഞ്ഞമാസം കേന്ദ്ര ഏജൻസികളുടെ പേരിൽ നടന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ ഒന്നരക്കോടി രൂപ തങ്ങളിൽനിന്നും കവർന്നുവെന്നു ചൂണ്ടിക്കാട്ടി വൃദ്ധദന്പതികൾ ചീഫ് ജസ്റ്റീസിനെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണു ഇത്തരം തട്ടിപ്പുകൾ തടയുന്നതിന് സുപ്രീംകോടതി സ്വമേധയാ കേസെടുത്തത്.
National
ന്യൂഡൽഹി: രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ സംബന്ധിച്ചു സ്വമേധയാ രജിസ്റ്റർ ചെയ്ത കേസ് സുപ്രീംകോടതി നാളെ വീണ്ടും പരിഗണിക്കും.
ജസ്റ്റീസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസുമായി ബന്ധപ്പെട്ട വാദം കേൾക്കുക.
കഴിഞ്ഞ 17ന് കേസ് പരിഗണിക്കവേ, രാജ്യത്തുടനീളം ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ നടക്കുന്ന തട്ടിപ്പുകളിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ജുഡീഷൽ രേഖകളിൽ കൃത്രിമം കാണിച്ചും ഡിജിറ്റൽ അറസ്റ്റുകളിലൂടെയും തട്ടിപ്പ് നടത്തുന്ന ഗൂഢസംഘത്തിന്റെ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ നടപടികൾ വേണമെന്നു നിർദേശിച്ചിരുന്നു.
സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പോലീസ് സേനകളിലെ ഏകോപനത്തിലൂടെയാണ് നടപടികളുണ്ടാകേണ്ടതെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സിബിഐയുടെയും കേന്ദ്രത്തിന്റെയും പ്രതികരണവും കോടതി തേടിയിരുന്നു.
കോടതിയുടെ പേരിൽ വ്യാജരേഖകൾ ചമച്ച് ഹരിയാന സ്വദേശികളായ വൃദ്ധദന്പതികളിൽനിന്ന് 1.05 കോടി രൂപ തട്ടിയെടുത്തതുമായി ബന്ധപ്പെട്ട കേസാണു കോടതി പരിഗണിച്ചത്. ദന്പതികളിൽ ഒരാൾ ചീഫ് ജസ്റ്റീസിന് കത്തെഴുതിയതിനെത്തുടർന്നാണു വിഷയം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുന്നത്.